നെടുമ്പാശേരി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾ താറുമാറായി. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാർക്കു ശമ്പളം നൽകാത്തതിലും വിമാനത്താവളങ്ങൾക്കു നൽകേണ്ട തുക കുടിശികയായതിലും കടുത്ത വെല്ലുവിളി നേരിടുകയാണ് സ്പൈസ് ജെറ്റ്.
കുടിശിക മൂലം കഴിഞ്ഞദിവസം വിമാനം ഇറങ്ങുന്നത് ദുബായ് വിമാനത്താവളം തടഞ്ഞിരുന്നു. ഒടുവിൽ പണമടച്ചശേഷമാണ് വിമാനം ഇറങ്ങാൻ അനുമതി നൽകിയത്. പൈലറ്റുമാരുടെയും ജീവനക്കാരുടെയും ക്ഷാമവും സർവീസുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ വെറും 14 ജീവനക്കാരെ മാത്രം വച്ചാണ് കമ്പനി നെടുമ്പാശേരിയിലെ സർവീസുകൾ ഏകോപിപ്പിക്കുന്നത്.
ഇന്ധന കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസികൾ, ജീവനക്കാർക്കു താമസസൗകര്യം ഒരുക്കിയ ഹോട്ടലുകൾ എന്നിവയ്ക്ക് ലക്ഷക്കണക്കിനു രൂപയാണ് നൽകാനുള്ളത്. ഓഗസ്റ്റ് ഒന്നുമുതൽ നെടുമ്പാശേരിയിൽനിന്നുള്ള സ്പൈസ് ജെറ്റ് സർവീസുകൾ വ്യാപകമായി വൈകുകയും അവസാനനിമിഷം മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇതു പലപ്പോഴും വിമാനത്താവളത്തിൽ യാത്രക്കാരുടെ പരസ്യമായ പ്രതിഷേധത്തിനും ഇടയാക്കുന്നു.
പൈലറ്റുമാരുടെ ദൗർലഭ്യമാണ് സർവീസ് തുടർച്ചയായി മുടങ്ങാൻ ഇടയാക്കുന്നതെന്നാണ് വിവരം. എന്നാൽ ഇതു മറച്ചുവയ്ക്കാൻ കാലാവസ്ഥ മോശമാണെന്ന തെറ്റായ വിശദീകരണം നൽകിയ വിമാനക്കമ്പനിയുടെ നടപടിയെ സിയാൽ അധികൃതർ പരസ്യമായി ചോദ്യം ചെയ്തു.
സർവീസുകളിൽ കൃത്യത പാലിച്ചില്ലെങ്കിൽ സ്പൈസ് ജെറ്റിന് അനുവദിച്ചിട്ടുള്ള ലാൻഡിംഗ്, ടേക്ക്-ഓഫ് സ്ലോട്ടുകൾ റദ്ദാക്കുമെന്ന കർശന മുന്നറിയിപ്പാണ് സിയാൽ നൽകിയിരിക്കുന്നത്. സ്പൈസ് ജെറ്റ് വിവിധ വിമാനത്താവളങ്ങളിൽ അടച്ചുതീർക്കാനുള്ളതു കോടികളുടെ കുടിശികയാണെന്നാണ് വിവരം.